ഡൽഹി: പിതാവ് രാജീവ് ഗാന്ധിയുമായും മുൻ നേതാക്കളേയും വച്ച് താരതമ്യം ചെയ്യുമ്പോൾ രാഹുൽ ഗാന്ധി കൂടുതൽ ബുദ്ധിജീവിയും രാഷ്ട്ര തന്ത്രജ്ഞനുമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ. രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, മൻമോഹൻ സിങ്, വി.പി. സിങ്, ചന്ദ്ര ശേഖർ, എച്ച്.ഡി. ദേവഗൗഡ തുടങ്ങി നിരവധി പ്രധാനമന്ത്രിമാരുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്, ദീർഘകാലം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനുമായിരുന്നു സാം പിത്രോദ. ഇന്ത്യയിൽ വാർത്താവിനിമയ രംഗത്ത് കുതിച്ചു ചാട്ടത്തിനും ഐടി മേഖലയ്ക്ക് തുടക്കം കുറിക്കുന്നതിനും നേതൃത്വം നൽകിയത് സാം പിത്രോദയായിരുന്നു. ആ പശ്ചാത്തലങ്ങളിൽ നിന്നുള്ള കാഴ്ചയുടെ അടിസ്ഥാനത്തിലാണ് സാം രാഹുലിനെ കുറിച്ച് വിലയിരുത്തിയത്.
മികച്ച ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് രാജീവിന്റെയും രാഹുലിന്റെയും ലക്ഷ്യം. വ്യക്തിപരമായ താൽപര്യം രണ്ടു പേർക്കുമില്ല. വളരെ ലളിതമായി ജീവിക്കുന്ന രണ്ടു മനുഷ്യർ. രണ്ടുപേരുടെയും അനുഭവങ്ങൾ വ്യത്യസ്തമാണ്. മുത്തശ്ശിയുടെയും പിതാവിന്റെയും മരണങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് രാഹുൽ. ഒരു പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളും രാഹുൽ ഗാന്ധിക്കുണ്ട്.
രാഹുലിന്റെ പ്രതിഛായ ജോഡോ യാത്രകകളിൽ തിളങ്ങിയതാണ്. വളരെ മോശമായി രാഹുലിനെയും കുടുംബത്തെയും ആക്രമിച്ചു. എന്തെല്ലാം നുണകൾ പ്രചരിപ്പിച്ചു, അതെല്ലാം തെറ്റായിരുന്നു എന്ന് പിന്നീട് ആളുകൾ മനസിലാക്കി. 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ് 'അധികാരത്തിലേറിയവരുടെ യഥാർഥ മുഖം ആളുകൾക്ക് മനസിലായിരിക്കുന്നു. കള്ളപ്പണം തിരികെയെത്തിക്കുമെന്ന് അവർ പറഞ്ഞു. എന്നാൽ അതുണ്ടായില്ല.
സർക്കാറിനെ വിമർശിക്കൽ ഇന്ത്യയെ തള്ളിപ്പറയലല്ലെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുലിൻ്റെ ജോലിയാണ് അതെന്നും സാം ഓർമപ്പെടുത്തി. അടുത്താഴ്‌ച യു.എസ് സന്ദർശിക്കാനിരിക്കുകയാണ് രാഹുൽ. പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്. സെപ്റ്റംബർ എട്ടു മുതൽ 10 വരെയാണ് രാഹുലിന്റെ യുഎസ് സന്ദർശനം.
Rahul Gandhi intellectual and statesman. Sam Pitroda said that he is fit to become the Prime Minister.